കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിയിൽ സജീവമാകാൻ സന്നദ്ധത അറിയിച്ച് മുതിർന്ന നേതാവ് ദിലീപ് ഘോഷ്. ഇന്നലെ ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചാര്യയുമായി ഘോഷ് ചർച്ച നടത്തി.
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയാറാണെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനാണ് ഇദ്ദേഹം. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഘോഷ് കൂടിക്കൈഴ്ച നടത്തിയിരുന്നു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബർധമാൻ-ദുർഗാപുർ മണ്ഡലത്തിൽ ഘോഷ് പരാജയപ്പെട്ടിരുന്നു. സ്വന്തം മണ്ഡലമായ മേദിനിപുരിൽ ഇദ്ദേഹത്തിനു ബിജെപി സീറ്റ് നല്കിയില്ല. തുടർന്ന് ഏതാനും മാസമായി ഘോഷ് രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു.
ഖരഗ്പുരിൽനിന്ന് ഇദ്ദേഹം നിയമസഭമായിട്ടുണ്ട്. ബിജെപി സീറ്റ് നല്കിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഘോഷ് പറഞ്ഞു. ദിലീപ് ഘോഷ് സംസ്ഥാന അധ്യക്ഷപദവി വഹിച്ചിരുന്നപ്പോഴാണ് 2019 ലോക്സഭാ ചെരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റിൽ വിജയിച്ചതും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയതും.